ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

നസ്‌ലീമാണ് താരം


ആകാശത്ത് മിന്നിത്തിളങ്ങുന്ന അനന്തകോടി നക്ഷത്രങ്ങള്‍, നിരവധി ഗോളങ്ങളും ഗ്രഹങ്ങളും. അവയിലൊന്നിന്റെ പേരാണ് പട്ടാഴി. എന്നുവെച്ചാല്‍ പട്ടാഴി സൈനുദ്ദീന്റെ പേരില്‍ അറിയപ്പെടുന്നു ഈ ഗ്രഹം.

പട്ടാഴി സൈനുദ്ദീന്‍ മലയാളിയാണ്; കൊല്ലത്ത് കോളജദ്ധ്യാപകനാണ്. സൈനുദ്ദീന്‍ നഭോമണ്ഡലത്തില്‍ ഒരു ഗ്രഹം കണ്ടെത്തിയതും ശാസ്ത്രലോകം അതിനു പട്ടാഴിയെന്നു പേരിട്ടതും മലയാളികളില്‍ എത്രപേര്‍ക്കറിയാം? അതേപോലെ തന്നെയാണ് മലപ്പുറം ജില്ലയിലെ എടക്കരയില്‍ ഫാന്‍സിഷോപ്പ് നടത്തുന്ന നീലങ്കോടന്‍ ബീരാന്‍കുട്ടിയുടെയും മറിയക്കുട്ടിയുടെയും മകള്‍ നസ്‌ലിമിന്റെ കഥയും.

അത്യപൂര്‍വ്വമായ സിര്‍ക്കോണിയം മൂലകങ്ങള്‍ തിങ്ങിനിറഞ്ഞ സിര്‍ക്കോണിയം നക്ഷത്രം കണ്ടെത്തിയ നസ്‌ലിമെന്ന ഇരുപത്തിയേഴ്കാരി ഇന്ന് ശാസ്ത്രലോകത്ത് താരമാണ്. മലപ്പുറത്തുള്ളവര്‍ കോപ്പിയടിച്ച് പരീക്ഷ ജയിക്കുന്നവരാണെന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ പോലും ആരോപിക്കുമ്പോള്‍ അത്തരം ചള്ളു വര്‍ത്തമാനങ്ങളുടെ വായടച്ചു കൊണ്ട്, കേരളത്തിനും ഇന്ത്യക്കുതന്നെയും ഇതൊരു അഭിമാനകരമായ നേട്ടം.

മറ്റേതു ഏറനാടന്‍ മാപ്പിളപെണ്ണിനേയും പോലെ പരിമിതികള്‍ക്കിടയിലായിരുന്നു നസ്‌ലിന്റേയും ബാല്യകൗമാരങ്ങള്‍. മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിനു അതിന്റേതായ നിരവധി പരാധീനതകളുണ്ട്; പ്രത്യേകിച്ച് ഒരു സാധാരണ കുടുംബത്തില്‍ തട്ടത്തിന്‍ മറയത്തുനിന്ന് ബാഹ്യലോകത്തേക്കിറങ്ങുന്ന മുസ്‌ലിം പെണ്‍കുട്ടിക്ക്.

അവയ്ക്കിടയില്‍ നിന്നുകൊണ്ട് എടക്കര യു.പി സ്‌കൂളിലും നിലമ്പൂര്‍ ഹൈസ്‌കൂളിലും ചുങ്കത്തറ മാര്‍ത്തോമാകോളജിലും പഠിച്ചു നസ്‌ലിം ഫിസിക്‌സില്‍ ബിരുദം നേടി. പിന്നീട് എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം. അതുകഴിഞ്ഞ് ബി.എഡും സെറ്റും പാസായി സ്‌കൂള്‍ ടീച്ചറോ നെറ്റ് പരീക്ഷ ജയിച്ച് കോളജ് ലക്ചററോ ഒക്കെ ആയാല്‍ പതിവനുസരിച്ച് ഒരു ഉള്‍നാടന്‍ പെണ്‍കുട്ടിക്ക് എത്തിച്ചേരാവുന്ന ഉയരങ്ങളായി. എന്നാല്‍ തന്റെ പ്രാപ്യതയിലുള്ള ഇത്തരം നേട്ടങ്ങള്‍ക്കപ്പുറത്തേക്കായിരുന്നു നസ്‌ലിന്റെ നോട്ടം.

ബംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ റിസര്‍ച്ച് അസിസ്റ്റന്റായി പണിയെടുത്ത അവളുടെ കണ്‍മുമ്പില്‍ ആകാശത്ത് തിളങ്ങിനില്‍ക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങള്‍ തെളിഞ്ഞു. ബാപ്പയുടെ കടയില്‍ ജ്വലിച്ചു നില്‍ക്കുന്ന ക്രിസ്മസ് നക്ഷത്രങ്ങള്‍ പോലെ, ആകാശത്ത് എണ്ണിത്തീരാനാവാത്ത നിരവധി താരകങ്ങള്‍. നിരനിരയായി കത്തുന്ന ഈ താരകങ്ങള്‍ പകര്‍ന്ന വെളിച്ചമാണ് നസ്‌ലീനു അയര്‍ലാന്‍ഡിലെ ബെല്‍ ഫാസ്റ്റ് ക്യൂന്‍ സര്‍വ്വകലാശാലയിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

പ്രകാശമൊടുങ്ങി നശിച്ചുപോയെന്ന് കരുതപ്പെടുന്ന ‘ഹോട്ട് സബ് സ്വാര്‍ഫ്’ നക്ഷത്ര സമൂഹങ്ങളെക്കുറിച്ചായിരുന്നു നസ്‌ലീന്റെ പി.എച്ച്.ഡി. ഗവേഷണം. അതിനിടയിലാണ്, ഉത്തര അയര്‍ലാന്‍ഡിലെ ആര്‍മാര്‍ഗ് നക്ഷത്ര ബംഗ്ലാവിലെ വാന നിരീക്ഷണ വേളയില്‍ നസ്‌ലീം സിര്‍ക്കോണിയന്‍ നക്ഷത്രം കണ്ടെത്തിയത്. അതോടെ നസ്‌ലിമിന്റെ നക്ഷത്രവും തെളിഞ്ഞു. തന്റെ ഗൈഡ് ഡോ. സൈമണ്‍ ജെഫ്രിയുടെ സഹായത്തോടെ നസ്‌ലിം ഗവേഷണത്തിന്റെ വഴി തിരിച്ചുവിട്ടതും നക്ഷത്രത്തില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങള്‍ തിരിച്ചറിഞ്ഞതും ശാസ്ത്ര ലോകത്ത് പുതിയൊരു താരമായി തിളങ്ങിയതും ചരിത്രം.

ശാസ്ത്രലോകത്ത് കേരളത്തിന്റെ ഭാഗ്യതാരകമാണ് നസ്‌ലിം; ചുങ്കത്തറയില്‍ നിന്ന് ബെല്‍ഫാസ്റ്റിലേക്കുള്ള ദൂരം കുറച്ചൊന്നുമല്ല. മാപ്പിളപ്പെണ്ണിന്റെ ലോകം പ്രവിശാലമാവുന്നതും അവര്‍ പുതിയ താരോദയങ്ങള്‍ക്ക് വഴി തെളിക്കുന്നതും ചില്ലറക്കാര്യവുമല്ല. നസ്‌ലിം ഈ ഉണര്‍വിന്റേയും വളര്‍ച്ചയുടേയും പ്രതീകമാണ്. നസ്‌ലിമിന്റേത് ഒരു സാധാരണ മാപ്പിള വീട്. ചെറുകിട വ്യാപാരിയായ ബാപ്പ, വീട്ടമ്മയായ ഉമ്മ, മമ്പാട് കോളജില്‍ ലക്ചററായ അനിയത്തി ഹിന്ദ്, നിലമ്പൂര്‍ പി.വി.എസ്. സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അനിയന്‍ മഹ്ഫൂസ്.

ഈ സാധാരണതകള്‍ക്കിടയില്‍ നിന്നാണ് നസ്‌ലിം അസാധാരണമായ നേട്ടങ്ങളിലേക്ക് പറന്നുയര്‍ന്നുതും താരമായി തിളങ്ങുന്നതും. ആരു കണ്ടു, ഇന്ന് ശാസ്ത്രനഭോ മണ്ഡലത്തില്‍ മിന്നിത്തിളങ്ങുന്ന ഈ താരം നോബേല്‍ സമ്മാനമുള്‍പ്പെടെയുള്ള വലിയ നേട്ടങ്ങള്‍ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരികയില്ലെന്ന്. മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; തീര്‍ച്ച.

News @ Chandrika

1 comment:

  1. ഇനിയും ഉയര്‍ച്ചകള്‍ ഉണ്ടാവട്ടെ .നാടിന്നുഅഭിമാനിക്കാം ആശംസകള്‍ ....

    ReplyDelete

ജ്ജ് മുണ്ടാണ്ടെ പോവ്വാ