ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ഖുബ്ബയുടെ ചരിത്രം, കൊണ്ടോട്ടിയുടേയും


കൊണ്ടോട്ടിയുടെ ചരിത്രമുറങ്ങുന്ന കുടീരമാണ് ഖുബ്ബ. പേര്‍ഷ്യന്‍ ശില്പകലയിലുള്ള കേരളത്തിലെ ആദ്യത്തെ ചരിത്രസ്മാരകം കൂടിയാണിത്. കൊണ്ടോട്ടിയുടെ സ്ഥാപകനായ ഹസ്രത്ത് ഷൈഖ് മുഹമ്മദ്ഷാഹ് ചിഷ്തി തങ്ങളുടെ മഖ്ബറയായ ഈ സ്മാരകം രണ്ടുനൂറ്റാണ്ടിലേറെയായി നിലകൊള്ളുന്നു. ഇന്തോ സാരസ്വന്‍ ശില്പകലയുടെ മനോഹാരിതയില്‍ ഉയര്‍ന്ന ഈ മക്ബറ ചിഷ്തി ഖാദിരി തരീഖ്വത്ത് വിഭാഗക്കാര്‍ക്ക് ആരാധനാകേന്ദ്രം കൂടിയാണ്. സ്ത്രീകള്‍ക്ക് ഉള്ളില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ള ഖുബ്ബയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തുന്നു. തിങ്കളാഴ്ച ഹസ്രത് മുഹമ്മദ്ഷാഹ് ചിഷ്തി തങ്ങളുടെ 255-ാം ചരമവാര്‍ഷികം കൂടിയാണ്.

ഖുബ്ബയുടെ ചരിത്രം

കാട് വെട്ടിത്തെളിക്കുന്നതിനിടെ ഇന്നത്തെ കൊടിമരത്തിന്റെ ഭാഗത്തു കണ്ട ഇലഞ്ഞിമരം വെട്ടാതെ മാറ്റി നിര്‍ത്താന്‍ ഹസ്രത് മുഹമ്മദ് ഷാ തങ്ങള്‍ ആവശ്യപ്പെട്ടു. താന്‍ മരണപ്പെട്ടാല്‍ ഇലഞ്ഞി മരത്തിന്റെ കിഴക്കുഭാഗത്ത് മറവ് ചെയ്യാന്‍ തങ്ങള്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ മരണാനന്തരം പിന്‍ഗാമികളായ ഹസ്രത് മുഹമ്മദ് മുഹസിസ് ഷായും ഷൈഖ് അഫ്താബ്ഷായും ശവകുടീരം പ്രൗഢഗംഭീരമായി നിര്‍മ്മിക്കാന്‍ തുടക്കം കുറിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിര്‍മ്മാണം അഫ്താബ് ഷായുടെ കാലത്താണ് പൂര്‍ത്തീകരിച്ചതെന്ന് പറയുന്നു.
കര്‍ണ്ണാടകയിലെ ഗോല്‍ക്കോണ്ട സുല്‍ത്താന്‍മാര്‍ അയച്ചുകൊടുത്ത ശില്പികളാണ് ഖുബ്ബ നിര്‍മ്മിച്ചത്. നാട്ടുകാരുടെ സഹായവും അവര്‍ക്ക് കിട്ടിയിരുന്നെങ്കിലും കേരളീയ വാസ്തു, ശില്പ പാരമ്പര്യം ഖുബ്ബയില്‍ കാണാനില്ല. ഇന്തോ പേര്‍ഷ്യന്‍(ഇന്തോ സാരസ്വന്‍) ശില്പകലയിലാണ് ഖുബ്ബയുടെ നിര്‍മ്മിതി. ബീജാപ്പൂര്‍ സുല്‍ത്താന്‍മാര്‍ എന്നറിയപ്പെടുന്ന ഗോല്‍ക്കോണ്ട സുല്‍ത്താന്‍മാരുമായുള്ള കൊണ്ടോട്ടിയുടെ ബന്ധത്തിനുള്ള നേര്‍സാക്ഷ്യമാണ് ഖുബ്ബയിലെ കൊത്തുപണികള്‍.
പൂര്‍ണമായും കരിങ്കല്ലുകൊണ്ട് പണിത ഖുബ്ബയ്ക്ക് ഇന്തോ പേര്‍ഷ്യന്‍ ശില്പകല അപൂര്‍വ്വ മനോഹാരിത നല്‍കുന്നു. ഗോല്‍ക്കോണ്ടയിലെ ബീജാപ്പൂര്‍ സുല്‍ത്താന്‍മാരുടെ കോട്ടയിലെ ശില്പകലയോടാണ് ഇതിന് സാമ്യമുള്ളത്. അര്‍ധ വൃത്താകൃതിയില്‍ കൊത്തിയെടുത്ത കരിങ്കല്‍ പാളികള്‍ ചേര്‍ത്ത് നിര്‍മ്മിച്ച സണ്‍ഷേഡ് ശ്രദ്ധേയമാണ്. മകുടങ്ങളും കമാനങ്ങളും കൊത്തുപണികളും നിറഞ്ഞ ഖുബ്ബയ്ക്ക് 11,000 ചതുരശ്രയടി വിസ്താരമുണ്ട്. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഖബറിടവും ഖുബ്ബയ്ക്ക് സമീപത്താണ്.

കൊണ്ടോട്ടി നേര്‍ച്ചയും ഖുബ്ബയും

മതേതരത്വത്തിന്റെ ജനകീയ ഉത്സവമായ കൊണ്ടോട്ടി നേര്‍ച്ച തുടങ്ങുന്നതും സമാപിക്കുന്നതും ഖുബ്ബയില്‍ ഹസ്രത് മുഹമ്മദ് ഷാഹ് തങ്ങളുടെ മഖ്ബറയിലെ പ്രത്യേക പ്രാര്‍ത്ഥനയോടെയാണ്. നേര്‍ച്ചയുടെ ഭാഗമായി വിവിധ ദേശങ്ങളില്‍ നിന്നുള്ള പെട്ടിവരവുകള്‍ ഇവിടെ കാണിക്ക വെക്കുന്നു. ഇതുവഴി മതേതരത്വത്തിന്റെ സ്മാരകമായി ഖുബ്ബ മാറുന്നു. ലോക സമാധാനത്തിനുവേണ്ടിയുള്ള ദുആ-ഏ-അമാന്‍ പ്രാര്‍ത്ഥനയോടെയാണ് നേര്‍ച്ച സമാപിക്കാറ്.

Mathrubhumi
Posted on: 05 Jan 2015

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ