ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

കോട്ടക്കുന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക്:

കോട്ടക്കുന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക്: സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാവുന്നു



മലപ്പുറം: കോട്ടക്കുന്നിന്റെ സമഗ്ര വികസനത്തിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. സ്ഥലത്തെ സമ്പൂര്‍ണ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് അധികൃതര്‍ ലക്ഷ്യം വെക്കുന്നത്. ഇത് അന്താരാഷ്ട്ര നിലവാരം കൈവരുത്തുന്നതിന് സഹായകരമാക്കും.

സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ അംഗീകാരമുള്ള രാജ്യാന്തര ആര്‍ക്കിടെക്റ്ററാകും വിശദമായ പ്ലാന്‍ തയ്യാറാക്കുക. ഇതിനായി 24 പ്രമുഖ ആര്‍ക്കിടെക്റ്റര്‍മാര്‍ക്ക് ഡി.ടി.പി.സി കത്ത് നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് പ്ലാന്‍ നിര്‍മിക്കുക.

കോട്ടക്കുന്നില്‍ നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികള്‍, അതിന് വരുന്ന സാമ്പത്തിക ചെലവുകള്‍, പദ്ധതികള്‍ ജനങ്ങള്‍ക്ക് ഏതുതരത്തില്‍ പ്രയോജനകരമാക്കും, സ്ഥലത്ത് നിലവില്‍ അധികൃതര്‍ക്ക് ലഭിക്കുന്ന വരുമാനം, മെയിന്റനന്‍സ് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠന വിധേയമാക്കും.

തുടര്‍ന്നായിരിക്കും പുതിയ പദ്ധതിയെ കുറിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കുക. പദ്ധതിയുടെ നിര്‍മാണ ചെലവുകള്‍ പ്ലാനില്‍ പ്രതിപാദിക്കും.

ഈ മാസം 24-ന് പ്ലാന്‍ ഒരുക്കാന്‍ ആവശ്യമായ വിദഗ്ധന്‍മാരെ അധികൃതര്‍ നിശ്ചയിക്കും. മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തികരിക്കുന്നതോടെ ഡി.ടി.പി.സി ടൂറിസം വകുപ്പിന്റെ അനുമതിക്കായി സമര്‍പ്പിക്കും. ടൂറിസം വകുപ്പ് അനുമതി നല്‍കുന്നതോടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും.

2004-ലാണ് കോട്ടക്കുന്ന് ജില്ലാ ടൂറിസം വകുപ്പ് ഏറ്റെടുത്ത് ആധുനികവല്‍ക്കരിച്ചത്. ആദ്യ ഘട്ട പ്രവൃത്തികള്‍ക്കായി രണ്ടര കോടി രൂപയാണ് ചെലവഴിച്ചത്.
ഇതിന്റെ ഭാഗമായി സ്ഥലത്തേക്ക് റോഡ്, ചുറ്റു മതില്‍, തെരുവ് വിളക്കുകള്‍, നടപ്പാത, പ്രവേശന കവാടം എന്നിവ നിര്‍മിച്ചു.

രണ്ടാം ഘട്ടമായി അനുബന്ധ പ്രവൃത്തികള്‍ക്കായി ഒരു കോടി രൂപ കൂടി സംസ്ഥാന ടൂറിസം വകുപ്പ് നല്‍കി. ഈ തുകയുപയോഗിച്ചാണ് മോടി പിടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയത്. 34 ലക്ഷം രുപ ചെലവില്‍ കുട്ടികള്‍ക്ക് ട്രാഫിക് അവബോധം നല്‍കാന്‍ നിര്‍മിച്ച പാര്‍ക്കാണ് അവസാനത്തേത്.

ഇനിയും പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്നതിന് പകരം ചെലവ് കുറച്ച് എല്ലാം ഒന്നിച്ച് നടപ്പാക്കുന്നതിനാണ് മാസ്റ്റര്‍ പ്ലാന്‍ നിര്‍മിക്കുന്നത്. ഇത് അധികൃതര്‍ക്ക് പണവും സമയും നഷ്ടം വരുത്തുന്നതില്‍ നിന്ന് ആശ്വാസം നല്‍കും.

നിലവില്‍ പ്രവേശന ഫീസ് ഇനത്തില്‍ ലഭിക്കുന്ന തുക ഉപയോഗിച്ചാണ് മെയിന്റനന്‍സ് വര്‍ക്കും ജോലിക്കാര്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത്. ഇതിന് മാസത്തില്‍ രണ്ടേ മുക്കാല്‍ ലക്ഷം രൂപയാണ് അധികൃതര്‍ക്ക് ചെലവ് വരുന്നത.്

മലപ്പുറം നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥലത്ത് നടത്തി വരുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കും സമഗ്ര വികസനം വരുന്നതോടെ ലാഭത്തിലാവും. പാര്‍ക്ക് ഏറ്റെടുത്ത് നടത്തുന്നതിനും ഡി.ടി.പി.സി പദ്ധതിയുണ്ട്. ജില്ലാ ടൂറിസം വകുപ്പിന് പാര്‍ക്ക് വിട്ട് നല്‍കാന്‍ നഗരസഭ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം കൊണ്ട് കോട്ടക്കുന്നിനെ രാജ്യമറിയുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ പറഞ്ഞു.

മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത് ജില്ലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകരമാകും. ഇതോടെ ഏറെ നാളത്തെ അധികൃതരുടെ ആഗ്രഹം സഫലമാകും. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാറിന്റെ നിര്‍ദേശമാണ് മാസ്റ്റര്‍ പ്ലാന്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് പ്രേരണയായത്.

Chandrika
 9/23/2013 10:50:44 AM

Tag:s Kerala Tourism, malappuram Tourism, Kerala Tour Package,Beauty full Tourism Location,malappuramtourism.com,kottakkunnu.com 

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ