ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

പടം പകര്‍ത്താന്‍ പെണ്‍മണികള്‍


വണ്ടൂര്‍: വാണിയമ്പലത്തെ ഏത് കൊച്ചുകുട്ടിക്കും പരിചിതമാണ് വര്‍ണ ചിത്ര സ്റ്റുഡിയോ. വിസ്മയം തീര്‍ക്കുന്ന ക്യാമറ കണ്ണുകളുമായി സൗന്ദര്യം ഒപ്പിയെടുക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിജയകരമായ ജൈത്രയാത്ര നടത്തുകയാണ് ഈ സ്ഥാപനം.

ഇതൊന്നുമല്ല മറ്റു സ്റ്റുഡിയോകളില്‍ നിന്നും വര്‍ണ ചിത്രയെ വേറിട്ടു നിര്‍ത്തുന്നത്. വളയിട്ട കൈകളാണ് സ്റ്റുഡിയോ നടത്തിപ്പുകാര്‍ എന്നതാണ്. സല്‍മത്തും കൂട്ടുകാരി ബിന്ദുവും മൂന്നര വര്‍ഷം മുമ്പാണ് ഈ സ്ഥാപനം ഏറ്റെടുക്കുന്നത്. സല്‍മത്താണ് ഉടമ. ബിന്ദു സഹായിയും.

വണ്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ജനപ്രിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ റിസപ്ഷനിസ്റ്റായിരുന്നു ആദ്യം സല്‍മത്ത്. ഇവിടെ നിന്നാണ് ബിന്ദുവിനെ പരിചയപ്പെടുന്നത്. വര്‍ഷങ്ങളോളം ഇവിടെ ഒന്നിച്ച് ഇരുവരും ജോലി ചെയ്തു. സാമ്പത്തിക പ്രതിസന്ധി കാരണം സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിയതാണ് ഇരുവരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്.

വണ്ടൂരിലെ ഒരു സ്റ്റുഡിയോയില്‍ റിസപ്ഷനിസ്റ്റായി ജോലിക്ക് കയറിയ സല്‍മത്ത് മൂന്നു വര്‍ഷം കൊണ്ട് ഫോട്ടോഗ്രഫിയിലും പരിശീലനം നേടി. ഇതിനിടെയാണ് വാണിയമ്പലത്തെ ഒരു സ്റ്റുഡിയോ വില്‍ക്കുന്നതായി അറിയുന്നതും ഇത് വിലക്ക് വാങ്ങുന്നതും. വണ്ടൂര്‍ സ്വദേശി പെരിയതൊടിക അന്‍വറാണ് ഈ നാല്‍പതുകാരിയുടെ ഭര്‍ത്താവ്.

ആളുകളില്‍ നിന്നും തങ്ങള്‍ക്ക് മികച്ച സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. വനിതകള്‍ മാത്രം നടത്തുന്ന സ്റ്റുഡിയോ വാണിയമ്പലത്തെ ആളുകള്‍ ഇരും കയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും ജനങ്ങളുടെ ഈ സഹകരണം തങ്ങള്‍ക്ക് മികച്ച പ്രോത്സാഹനമാണെന്നും ഇരുവരും പറഞ്ഞു.

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ