ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ആലിയുടെ സൈക്കിള്‍ യാത്രയ്ക്ക് അര നൂറ്റാണ്ട്


എടപ്പാള്‍: വേഗത്തിന്റെയും പുത്തന്‍ വാഹനങ്ങളുടെയും തരംഗത്തില്‍ നാടോടുമ്പോള്‍ അര നൂറ്റാണ്ടായി സൈക്കിള്‍ സവാരിയിലൂടെ ലോകത്തിനൊപ്പം ഓടുകയാണ് ആലി.

എടപ്പാള്‍ വെങ്ങിനിക്കരയിലെ പെരിഞ്ചീരി ആലി (63) ആണ് 15-ാം വയസില്‍ ആരംഭിച്ച സൈക്കിള്‍ ചങ്ങാത്തം പുത്തന്‍ വാഹനങ്ങളുടെ മിന്നിത്തിളക്കത്തിലും ഉപേക്ഷിക്കാത്തത്.

ബാല്യകാലത്ത് സ്വന്തമായി സൈക്കിളില്ലാതിരുന്ന ആലിക്ക് അയല്‍വാസിയായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണന്‍ നായരാണ് അദ്ദേഹം ഉപയോഗിച്ചിരുന്ന സൈക്കിള്‍ നല്‍കിയത്. പഠനകാലത്തും പിന്നീട് പപ്പടവില്‍പ്പനക്കും ആലിക്ക് തുണയായി ഈ സൈക്കിളുണ്ടായിരുന്നു. 15 വര്‍ഷത്തെ ഉപയോഗത്തിനു ശേഷം 600 രൂപ നല്‍കി സ്വന്തമായി ഒരു ഹെര്‍ക്കുലീസ് സൈക്കിള്‍ വാങ്ങിയപ്പോള്‍ ജീവിതത്തില്‍ എന്തൊക്കെയോ നേടിയ സന്തോഷമായിരുന്നെന്ന് ആലി പറയുന്നു.

വിവാഹം കഴിഞ്ഞ് ഭാര്യ ആമിനക്കുട്ടിയോടൊത്ത് വിരുന്നിനെല്ലാം പോയത് ഈ സൈക്കിളിലായിരുന്നു. എടപ്പാള്‍, ചങ്ങരംകുളം, വട്ടംകുളം, കുറ്റിപ്പുറം തുടങ്ങി സൈക്കിളില്‍ ആലി പോകാത്ത സ്ഥലങ്ങള്‍ കുറവാണ്. കൃഷിയും പശു-ആടു വളര്‍ത്തലുമെല്ലാമായി ജീവിതം കഴിക്കുമ്പോഴും യാത്രകള്‍ക്ക് തുണ സൈക്കിള്‍ തന്നെ.

കിലോമീറ്ററുകളോളം ദിവസേന സൈക്കിള്‍ ചവിട്ടുന്ന ആലിക്ക് കാര്യമായ അസുഖവും ഉണ്ടാവാറില്ല. ഇപ്പോഴും സൊസൈറ്റിയിലേക്ക് പാല്‍ നല്‍കാനും മറ്റാവശ്യങ്ങള്‍ക്കുമെല്ലാം ആലി സൈക്കിളില്‍ ചുറുചുറുക്കോടെ പോകുന്നത് വെങ്ങിനിക്കരക്കാരുടെ നിത്യകാഴ്ചയാണ്. ആലിയോടൊപ്പം തന്നെ ടി.വി അച്ച്യുതന്‍, കുഞ്ഞുമോന്‍, സൈനുദ്ദീന്‍ എന്നിവരും ഈ ഗ്രാമത്തില്‍ ഇപ്പോഴും സൈക്കിള്‍ യാത്രക്കാരായി ഉണ്ട്.

Mathrubhumi
22 Sep 2013

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ