ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

മൈമൂനാന്റെ ചിക്കന്‍ സ്റ്റാള്‍


മലപ്പുറം . ചിക്കന്‍ എന്നു കേട്ടാല്‍ വായില്‍ വെള്ളമൂറുന്നവരേ... ഒരു കോഴിയെ പീസ്‌ പീസാക്കി പാക്ക്ചെയ്യാന്‍ എത്ര സമയമെടുക്കും? ശ്ശോ! അതൊക്കെ ആണുങ്ങളുടെ പരിപാടിയല്ലേ എന്നു നാണിക്കുന്നവര്‍ക്കുള്ള മറുപടിയാണ്‌ വാണിയമ്പലം ശാന്തിനഗറിലെ അല്‍ അമീന്‍ കോഴിയിറച്ചിക്കട. നടത്തുന്നത്‌ മുപ്പത്തിയൊന്‍പതുകാരി കൂത്രാടന്‍ മൈമൂന. പുരുഷന്‍മാര്‍ കൈയടക്കിവച്ചിരുന്ന മേഖലയില്‍ മൈമൂനയുടെ കോഴിക്കട വിജയത്തിലേക്കു കുതിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക്‌ ചിറകൊതുക്കേണ്ടിവന്നു.

അഞ്ചുവര്‍ഷമായി തരക്കേടില്ലാത്ത വിധത്തില്‍ മൈമൂന കട നടത്തുന്നു. പുതിയ മേഖലയിലേക്ക്‌ ധൈര്യപൂര്‍വം കടന്നുചെന്ന മൈമൂനയുടെ അനുഭവം മറ്റുള്ളവര്‍ക്കു പാഠപുസ്‌തകമാണ്‌. കുടുംബത്തിലെ ശ്രീ ജീവിതം ചില പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ്‌ സമീപവാസികളുടെ സഹകരണത്തോടെ കുടുംബശ്രീവഴി ഒരുലക്ഷം രൂപ വായ്പയെടുത്ത്‌ മൈമൂന കോഴിക്കട തുടങ്ങിയത്‌. അതുവരെ ബീഡിതെറുപ്പായിരുന്നു തൊഴില്‍. തുച്ഛമായ വരുമാനം. വിവാഹ പ്രായമെത്തിയ പെണ്‍മക്കളടങ്ങുന്ന കുടുംബം.

അപ്പോഴാണ്‌ കുടുംബശ്രീ സിഡിഎസ്‌ അംഗം എം. ഷീല മുന്‍കയ്യെടുത്ത്‌ വായ്പ ലഭ്യമാക്കി കോഴിക്കട തുടങ്ങിയത്‌. 50,000 രൂപ സബ്സിഡിയടക്കം 85,000 രൂപ തിരിച്ചടവില്ലാതെ ലഭ്യമായതോടെ കട ച്ച്പിടിച്ചെന്ന്‌ മൈമൂന. ഒരേയൊരു മൈമൂന മൈമൂന കോഴിയിറച്ചിക്കട തുടങ്ങുന്നതിനു മുന്‍പും പിന്‍പും ശാന്തിനഗറില്‍ പുരുഷന്‍മാരായ പലരും ഈ രംഗത്തുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴും
പിടിച്ചുനില്‍ക്കുന്നത്‌ മൈമൂനയുടെ കട മാത്രമാണ്‌. അയല്‍ക്കാരുടെയും നാട്ടുകാരുടെയും സ്നേഹംനിറഞ്ഞ സഹകരണമാണ്‌ ഏറ്റവും വലിയ കരുത്ത്‌. ശാന്തിനഗര്‍-ഏമങ്ങാട്‌ റോഡരികില്‍ വാടകസ്ഥലത്ത്‌ താല്‍ക്കാലികമായി ഉണ്ടാക്കിയ ഷെഡിലാണ്‌ കട.

അല്‍പം അകലെ ആറു സെന്റ്‌ സ്ഥലത്താണ്‌ വീട്‌. വീട്ടമ്മയുടെ കരുതല്‍ ഇറച്ചി അവശിഷ്ടങ്ങള്‍ മൈമൂനയ്ക്ക്‌ ഇതുവരെ തലവേദനയായിട്ടില്ല. സംസ്കരിക്കുന്നതിനു നാട്ടുകാരുടെ സഹകരണമുണ്ട്‌. നല്ലവരായ ചിലര്‍ അവരുടെ പറമ്പുകളില്‍ കുഴിയെടുത്ത്‌ അവശിഷ്ടങ്ങള്‍ ഇട്ടുമൂടാനുള്ള സൌകര്യം ചെയ്‌തുകൊടുക്കും. സ്വന്തമായുള്ള ആറു സെന്റും ഇതിന്‌ ഉപയോഗിക്കുന്നു. കടയില്‍ ഉപകരണങ്ങളും കോഴിക്കൂടുമെല്ലാം ചിട്ടയായി വൃത്തിയാക്കും. ഇതുമൂലം രൂക്ഷമായ ദുര്‍ഗന്ധമോ തെരുവുനായശല്യമോ ഇല്ല. കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ ദിവസം മൂന്നു ക്വിന്റല്‍ കോഴിവരെ 'കൈകാര്യം ചെയ്യാന്‍ മൈമൂന തനിച്ചു മതി.

കടയില്‍ സഹായികള്‍ ആരുമില്ല. കോഴിയെ കൂട്ടില്‍നിന്നു പിടിച്ച്‌ തൂക്കി അറുത്ത്‌ അഞ്ചു മിനിറ്റിനുള്ളില്‍ കഷണങ്ങളാക്കി പൊതിഞ്ഞു നല്‍കും. ഓര്‍ഡര്‍ ഫോണിലൂടെയുമെത്തും. വിവാഹം, സല്‍ക്കാരം തുടങ്ങി കൂടുതല്‍ ഓര്‍ഡര്‍ ഉള്ളപ്പോള്‍ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ്‌ ഹമീദിന്റെകൂടി സഹായം തേടും. മൈമൂനയുടെ രണ്ടു പെണ്‍കുട്ടികളുടെ വിവാഹം നല്ലരീതിയില്‍ നടത്തിയത്‌ കോഴിക്കടയിലെ വരുമാനം കൊണ്ടാണ്‌. ഓട്ടോറിക്ഷയും വാങ്ങി. ഷെഡിലെ കട ഒന്നു വലുതാക്കണം, അവശിഷ്ടങ്ങള്‍ ശാസ്‌ത്രീയമായി സംസ്കരിച്ച്‌ പാചകവാതകമാക്കാന്‍ ബയോഗ്യാസ്‌ പ്ലാന്റ്‌ സ്ഥാപിക്കണം-ഇതൊക്കെയാണ്‌ മൈമൂനയുടെ 'വലിയ സ്വപ്നങ്ങള്‍.

Manorama
04.07.2013

1 comment:

  1. കൊള്ളാലോ..ഈ വാർത്ത വായിച്ചിട്ട് ഒന്നു മുണ്ടാണ്ട് പോവാൻ ബജ്ജ :)

    ReplyDelete

ജ്ജ് മുണ്ടാണ്ടെ പോവ്വാ