ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ഗാന്ധി സ്മരണയില്‍ കാമാക്ഷിഅമ്മ കിസാന്‍ ചര്‍ക്ക തിരിക്കുകയാണ്


പരപ്പനങ്ങാടി:ഗാന്ധി സ്മരണയില്‍ കാമാക്ഷി അമ്മ തൊണ്ണൂറിലും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുയാണ്. സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന ഏക വനിതാ ഖാദി- ഹിന്ദി പ്രചാരണ പ്രവര്‍ത്തകയായ സ്വാതന്ത്ര്യസമര സേനാനിയാണ് വള്ളിക്കുന്നിലെ ആറ്റുകളത്തില്‍ കുനിയഞ്ചേരി കാമാക്ഷി അമ്മ.

പ്രായം തളര്‍ത്തിയ അമ്മക്ക് സ്വാതന്ത്ര്യ സമരത്തിന്റെ വീറുറ്റ പോരാട്ടത്തെ കുറിച്ച് പറയാന്‍ നൂറു നാവാണ്. 14-ാം വയസ്സിലാണ് കാമാക്ഷി സ്വാതന്ത്ര്യസമര തീച്ചൂളയിലേക്ക് എടുത്ത് ചാടിയത്. ജയില്‍ വാസം അനുഷ്ഠിക്കാതെ മാറിനിന്നത് ഗാന്ധിജിയുടെ ആഹ്വാന പ്രകാരമായിരുന്നു.

വെള്ള പട്ടാളത്തെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ആട്ടിയോടിക്കാന്‍ സമര രംഗത്തിറങ്ങിയവരെ ജയിലിലടച്ചപ്പോള്‍ അവര്‍ക്കും ഒളിവില്‍ പോയവര്‍ക്കും സന്ദേശം കൈമാറാനും സഹായങ്ങളെത്തിക്കാനും ഖാദി- ഹിന്ദി പ്രചരണത്തിനുമാണിവര്‍ പുറത്തുനിന്ന് പോരാടിയത്. ഇവരേയും സ്വാതന്ത്ര്യ സമരസേനാനികളായി സര്‍ക്കാര്‍ അംഗീകരിച്ചു പെന്‍ഷന്‍ നല്‍കിയിരുന്നു.

ഖാദി - ഹിന്ദി സമര സേനാനികളായി സംസ്ഥാനത്ത് മൊത്തം എഴുപത് പേരാണുണ്ടായിരുന്നത്. മലപ്പുറം ജില്ലയില്‍ ആറുപേരും. ഇതില്‍ പുലാമന്തോള്‍ സ്വദേശി മലവെട്ടത്ത് കുഞ്ഞലവി ഹാജിയും കാമാക്ഷി അമ്മയുമാണ് ജീവിച്ചിരിക്കുന്ന രണ്ടുപേര്‍.

കാമാക്ഷി അമ്മ ഖാദി പ്രചരണ കാലത്ത് കിസാന്‍ ചര്‍ക്ക ഉപയോഗിച്ച് നൂല്‍നൂല്‍പ് നടത്തുകയും ഗ്രാമഗ്രാമാന്തരങ്ങളില്‍ ഖാദി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഖാദി വസ്ത്ര നിര്‍മാണം ഇന്ന് സാങ്കേതിക മികവില്‍ യന്ത്രങ്ങളാണ് നടത്തുന്നതെങ്കിലും കാമാക്ഷി അമ്മയുടെ പഴയ കിസാന്‍ ചര്‍ക്ക ഇപ്പോഴും ഉണ്ട്.

ഇടക്കൊക്കെ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കും. ആഗസ്റ്റ് 15നും ഗാന്ധിജയന്തി ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ചര്‍ക്ക തിരിക്കാനും നൂല്‍നൂല്‍ക്കാനും കാമാക്ഷി അമ്മ പരിശ്രമിക്കും.

57-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സേനാനികള്‍ക്ക് പെന്‍ഷന്‍ തുക 3900 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനു മുമ്പ് 3600 രൂപയായിരുന്നു. എന്നാല്‍ ഖാദി- ഹിന്ദി സമര സേനാനികള്‍ക്ക് 1994 ഒക്‌ടോബറില്‍ യു.ഡി.എഫ് സര്‍ക്കാറാണ് പെന്‍ഷന്‍ അനുവദിച്ചത്.

തുടക്കത്തില്‍ പ്രതിമാസം 500 രൂപയായിരുന്നു ഇത്. 1000 രൂപയായി ഉയര്‍ന്ന ശേഷമാണ് 1997ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കിയത്. പിന്നീട് 2004ല്‍ യു.ഡി.എഫ് ഗവണ്‍മെന്റ് വീണ്ടും പുനഃസ്ഥാപിച്ചു. പക്ഷെ 1000 രൂപയായി തന്നെയാണ് നിജപ്പെടുത്തിയത്. ഇപ്പോള്‍ 2000 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. ഇത് കാമാക്ഷി അമ്മക്ക് വലിയ അനുഗ്രഹമാണ്.

പെന്‍ഷന്‍ തുക വലിപ്പമല്ല, പെന്‍ഷനാണ് ഞങ്ങള്‍ക്കുള്ള അംഗീകാരം എന്നാണ് കാമാക്ഷി അമ്മ പറയുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് അഹിംസയുടെ പോരാട്ട ഭൂമിയൊരുക്കിയ മഹാത്മജിയുടെ പോര്‍ബന്തര്‍ ഉള്‍പ്പെടുന്ന ഗുജറാത്ത് വംശീയ കലാപത്തിന് നേതൃത്വം നല്‍കിയവരുടെ കരങ്ങളിലമരുന്ന വര്‍ത്തമാന കാല ചിത്രം കാമാക്ഷി അമ്മയെ നൊമ്പരപ്പെടുത്തുന്നത്.

Chandrika
അഹമ്മദുണ്ണി പരപ്പനങ്ങാടി
10/2/2013 

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ