ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ഇതാണ് മലപ്പൂറത്തെ മത സൌഹാര്‍ദ്ധം


ദീനക്കിടക്കയില്‍ ജയരാജന്‍ മാസ്റ്റര്‍ക്ക് സാന്ത്വനമായി ഫാത്തിമ ഉമ്മ
- സൈഫുന്നാസര്‍


വണ്ടൂര്‍: ഫാത്തിമക്കുട്ടിക്ക് മക്കള്‍ രണ്ടാണ്. ഓരോ ദിവസവും രണ്ടിടങ്ങളിലും ഓടിയെത്തണം. രാത്രി സ്വന്തം മകന്റെ വീട്ടില്‍, പകല്‍ പിറക്കാത്ത മകന്റെ വീട്ടിലും. അങ്ങിനെ മത സൗഹാര്‍ദ്ദത്തിന്റെയും കാരുണ്യത്തിന്റെയും മാതൃകയാവുകയാണീ വൃദ്ധ.

സ്വന്തം മകന്‍ അലവിയേക്കാള്‍ സുഹൃത്തിന്റെ മകന്‍ ജയരാജന്‍ മാസ്റ്ററെ സ്‌നേഹിക്കുകയും പരിചയിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ മാതൃ ഹൃദയം കരുണയുടെ കടലായിത്തീരുന്നത്.

തിരുവാലി ഇല്ലത്തുകുന്നിലാണ് മൂലത്ത് ഫാത്തിമക്കുട്ടിയെന്ന 60 കഴിഞ്ഞ വൃദ്ധയുടെ വീട്. കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ശേഷം പറക്കമുറ്റാത്ത അലവിയെന്ന മകനെ കൂലിപ്പണിയെടുത്ത് വളര്‍ത്തി വലുതാക്കി. ഇന്ന് അപകടത്തില്‍ പെട്ട് ജീവിതം തളര്‍ന്നുപോയ ജയരാജനെയും പരിചരിച്ച് തണലാവുന്നു.

1996 ഫെബ്രുവരി നാല്. മാസ്റ്ററുടെ ജീവിതത്തിലെ കറുത്ത ഞായര്‍. പാടത്തേക്ക് പണിക്കാരെ അന്വേഷിക്കാന്‍ സ്‌കൂട്ടറില്‍ ഇറങ്ങിയതാണ്. തിരുവാലി-എടവണ്ണ റോഡില്‍ ഇല്ലത്തുകുന്ന് റോഡില്‍ നിന്നും പ്രവേശിക്കുന്ന ഇറക്കം, ഏതോ കള്ളുകുടിയന്‍ സ്‌കൂട്ടറിന് കുറുകെ ചാടി. പിന്നെ ഒന്നും ഓര്‍മയില്ല.

മഞ്ചേരി ഗവ.ആസ്പത്രിയിലും അവിടെ നിന്ന് സ്വകാര്യാസ്പത്രയിലേക്കും പിന്നെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്. മൂന്ന് മാസമാണ് മെഡിക്കല്‍ കോളജില്‍ കിടന്നത്. കഴുത്തിന് പിറക് വശത്തെ ഞരമ്പിന് ക്ഷതമേറ്റ് ശരീരമാസകലം ചലനമറ്റിരുന്നു. സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു.

പിന്നീട് നീണ്ട പതിനേഴു വര്‍ഷം തിരുവാലി ഇല്ലത്തുകുന്ന് അരിമ്പ്ര ലക്ഷ്മി നിവാസിലെ പൂമുഖത്തെ കട്ടിലില്‍ കിടപ്പിലാണ് ഇദ്ദേഹം. മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാര്യമായ ചികിത്സ കിട്ടിയിരുന്നില്ലെങ്കിലും സ്വന്തം ഇച്ഛാ ശക്തികൊണ്ട് കൈകളുടെയും കാലുകളുടെയും ചലനശേഷി കുറച്ചൊക്കെ തിരിച്ചെടുത്തു. വ്യക്തമല്ലെങ്കിലും സംസാരിക്കാന്‍ കഴിയുന്നുണ്ട്.

നല്ല ചികിത്സ ലഭിച്ചാല്‍ തനിക്ക് എഴുന്നേറ്റ് നടക്കാനാവുമെന്ന പ്രതീക്ഷ ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ട് ഇപ്പോഴും മാസ്റ്റര്‍.
കുമാരന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും ആറു മക്കളില്‍ അഞ്ചാമനാണ് ജയരാജന്‍(47). എസ്.എസ്.എല്‍.സി കഴിഞ്ഞ ഉടനെ ടി.ടി.സി എടുത്ത് ചെറുപ്പത്തിലെ പത്തിരിയാല്‍ എ.എം.എല്‍.പി സ്‌കൂള്‍ അധ്യാപകനായി.

കുട്ടികള്‍ക്കെല്ലാവര്‍ക്കും പ്രയങ്കരനായിരുന്ന മാസ്റ്റര്‍ക്ക് 7 വര്‍ഷം മാത്രമേ സര്‍വീസില്‍ തുടരാനായുള്ളൂ. കുടുംബം സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളതാണെങ്കിലും ഇന്ന് ഇദ്ദേഹത്തിന് തുണയായി ഫാത്തിമകുട്ടി മാത്രമാണുള്ളത്. മേലാറ്റൂരില്‍ താമസിക്കുന്ന മൂത്ത സഹോദരന്‍ മഞ്ചേരി അരുകിഴായയില്‍ താമസിക്കുന്ന ഇളയ ജ്യേഷ്ഠനും ഇടക്കൊക്കെ വരും. സഹോദരിമാരും വിവരങ്ങള്‍ വന്ന് തിരക്കും.

കിടപ്പിലായ ശേഷമാണ് അച്ഛന്‍ മരിച്ചത്. 3 മാസം മുമ്പ് അമ്മയും. മരിക്കുന്നതിന് മുമ്പ് അമ്മ സുഹൃത്ത് കൂടിയായ ഫാത്തിമകുട്ടിയോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. തന്റെ മകനെ ഉപേക്ഷിക്കരുതെന്ന്. ആ വാക്ക് പാലിക്കുകയാണ് ഇന്ന് ഈ ഉമ്മ. ആരുപേക്ഷിച്ചാലും തന്റെ കുട്ടിക്ക് താന്‍ മരിക്കുന്നത് വരെ തുണയുണ്ടാവുമെന്ന തീരുമാനവുമായി പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും സഹായവുമായി സ്‌നേഹം മാത്രം പകര്‍ന്ന് വാത്സല്യം നിറഞ്ഞ ഹൃദയവുമായി ഫാത്തിമ കൂടെയുണ്ട്.

വിദ്ഗധനായ ഒരു ഡോക്ടറുടെ ചികിത്സയിലൂടെ തന്റെ ജീവിതം തിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ജയരാജന്‍ മാസ്റ്റര്‍. തന്റെ ജീവിതത്തിന് തുണയാവാന്‍ തന്നെ മനസ്സിലാക്കുന്ന ഒരാള്‍ വന്നേക്കുമെന്നും മാസ്റ്റര്‍ പ്രതീക്ഷിക്കുന്നു.

Chandrika News
4/28/2013 11:49:08 PM
http://www.chandrikadaily.com/contentspage.aspx?id=16407

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ