ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

വിഷുക്കണിക്കൊരുങ്ങി മുഹമ്മദാജിയുടെ സ്‌നേഹവെള്ളരി


മലപ്പുറം: നാലു ദിവസം കഴിഞ്ഞാല്‍ വിഷുവാണ്. ഹൈന്ദവ ഭക്തര്‍ക്കുള്ള കണിയെത്തിക്കണം. ശക്തമായ വെയിലിനെ വകവെക്കാതെ വെള്ളരി വിളവെടുക്കുകയാണ് മുഹമ്മദാജി. കൂട്ടിന് നിഴല്‍ പോലെ ഭാര്യ ആമിനയുമുണ്ട്. വിയര്‍പ്പൊഴുക്കി പണിയെടുത്തതിന്റെ ഫലം കുട്ടയിലാക്കി പറമ്പിലേക്ക് തട്ടിയ ശേഷം അരിപ്ര മാമ്പ്രതൊടി മുഹമ്മദാജി വിയര്‍പ്പു തുടച്ച് തന്റെ 'വെള്ളേരി കഥ' പറഞ്ഞു തുടങ്ങി..

മുട്ടുകുത്തി നടക്കുന്ന കാലത്ത് പാടത്തേക്കിറങ്ങിയതാണ് മുഹമ്മദാജി. ഉമ്മയുടെ ഒക്കത്തിരുന്ന് രാവിലെ നെല്ലു കൊയ്യാനെത്തും. കൊയ്ത്തു കഴിയും വരെ പാടവരമ്പത്ത് ഉണ്ടാവും. നടക്കാന്‍ തുടങ്ങിയതോടെ ഉമ്മക്ക് സഹായിയായി മുഹമ്മദും കൂടി. അന്നു തുടങ്ങിയതാണ് മണ്ണില്‍ മുഹമ്മദാജിയുടെ അധ്വാനം.

കൃഷിയെ സ്‌നേഹിക്കുന്ന ആമിനയെ ഇണയായി ലഭിച്ചതോടെ കൂട്ടിന് ആളായി. ഇന്ന് പ്രായം 73 ലെത്തിയിട്ടും അരിപ്രയിലെ മൂന്ന് ഏക്കറോളം വിസ്തീര്‍ണമുള്ള വേളൂപാടത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ മുഹമ്മദാജിയും ആമിനയുമുണ്ടാവും. സഹായത്തിന് മകന്‍ മുനീറും ഉണ്ട്.

നെല്ല്, കുമ്പളം, പയര്‍, ചുരങ്ങ തുടങ്ങിയ വിഭവങ്ങളാണ് പാടത്ത് കൃഷിയിറക്കാറുള്ളത്. കുംഭ മാസമായാല്‍ പിന്നെ വെള്ളരി കാലമാണ്. വിഷു ലക്ഷ്യം വെച്ചാണ് വിത്ത് പാകുന്നത്. മീനം, മേടം മാസത്തില്‍ വിളവെടുക്കും. വിഷു കണിക്കാവശ്യമായ വെള്ളരി ഒരു ആഴ്ച മുമ്പാണ് വിളവെടുക്കുക.

രാവിലെ തുടങ്ങുന്ന പറിക്കല്‍ വൈകിട്ടേ അവസാനിക്കൂ. ഭക്ഷണവും വിശ്രമവും പാടത്ത് തന്നെ. ഭാര്യ ആമിനക്ക് പ്രായം അറുപത് ആയെങ്കിലും എല്ലാ ജോലിയും ചെയ്യും. ജോലി കഴിഞ്ഞേ ആമിനയും വീട്ടിലേക്ക് മടങ്ങൂ.

തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് വെള്ളരി കയറ്റിഅയക്കാറുള്ളത്. മാര്‍ക്കറ്റില്‍ 35 രൂപ വിലമതിക്കുന്ന കണിവെള്ളരിക്ക് 16 രൂപയാണ് കര്‍ഷകന് ലഭിക്കുന്നതെന്നും മുഹമ്മദാജി പറയുന്നു.

മരിക്കുവോളം മണ്ണില്‍ പണിയെടുക്കണമെന്നാണ് മുഹമ്മദാജിയുടെ ആഗ്രഹം. പ്രയാധിക്യം മൂലമുള്ള രോഗം പിടികൂടാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അതുവകവെക്കാതെയാണ് മണ്ണിലെ ഈ അധ്വാനം. അങ്ങാടിപ്പുറം കൃഷി ഭവനു കീഴിലെ ഏറ്റവും പ്രായം ചെന്ന കൃഷിക്കാരനാണ് മുഹമ്മദാജി.

കൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ പരിപാടികളിലും മുഹമ്മദാജിയുടെ സാനിധ്യമുണ്ടാകുമെന്ന് കൃഷി ഓഫീസര്‍ കെ.പി സുരേഷ് പറഞ്ഞു.

കൃഷി വകുപ്പിന്റെ സഹായം ഏറെ പ്രയോജനം ചെയ്യുന്നതായി മുഹമ്മദാജിയും പറയുന്നു. വെള്ളരി കൃഷി ലാഭമേറിയതാണെന്ന് മുഹമ്മദാജി പറയുന്നു. പണത്തിനു പുറമെ പടച്ചോനില്‍ നിന്നും ലഭിക്കുന്ന പ്രതിഫലവും കൃഷി പണി ചെയ്താല്‍ ഉണ്ടാകുമെന്ന് ഹാജി വിശ്വസിക്കുന്നു. ആ വിശ്വാസവും നെഞ്ചിലേറ്റി അദ്ദേഹം തന്റെ ജോലി തുടരുന്നു.

- പി.എ അബ്ദുല്‍ ഹയ്യ്
 4/10/2013 3:11:37 PM  

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ