ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ജനകീയ വിജയത്തിന്‌ മലപ്പുറം മാതൃക

ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ സ്ഥാപിച്ച ജനങ്ങളുടെ മെഡിക്കല്‍ കോളജ്‌ എന്നു മഞ്ചേരി മെഡിക്കല്‍ കോളജിനെ വിശേഷിപ്പിക്കാം. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും മലപ്പുറം മാതൃകയ്ക്കു പുതിയ ഉദാഹരണമാണു സംസ്ഥാനത്തെ ആറാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌.

ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ എല്ലാ പരാധീനതകളിലും വീണുകിടന്നിരുന്ന ജില്ലാ ആശുപത്രിയെ ആദ്യം ജനറല്‍ ആശുപത്രിയായും പിന്നീടു മെഡിക്കല്‍ കോളജായും ഉയര്‍ത്താന്‍ ജനങ്ങള്‍ നടത്തിയ മുന്നേറ്റം വിജയം കണ്ടിരിക്കുന്നു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശ്രമങ്ങളെ സര്‍ക്കാര്‍ അംഗീകരിച്ചതോടെ യാഥാര്‍ഥ്യമായ മഞ്ചേരി മെഡിക്കല്‍ കോളജ്‌ ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുകയാണ്‌.

ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ല രോഗികളുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്താണ്‌; ആരോഗ്യസേവന മേഖലയില്‍ ഏറെ പിന്നിലും. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള എട്ടു ജില്ലകള്‍ക്കു നാലു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുള്ളപ്പോള്‍ മലബാറിലെ ആറു ജില്ലകള്‍ക്കുള്ളത്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ മാത്രമാണ്‌. വിദഗ്ധ ചികില്‍സയ്ക്കായി തൃശൂരിലേക്കോ കോഴിക്കോട്ടേക്കോ പോകാനായിരുന്നു മലപ്പുറത്തുകാരുടെ വിധി. ഈ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാന്‍ ജില്ലയിലെ ജനങ്ങള്‍ കൈകോര്‍ത്തതോടെ മഞ്ചേരിയിലെ ജില്ലാ ആശുപത്രിയുടെ നവീകരണം യാഥാര്‍ഥ്യമായി. ജില്ലാ പഞ്ചായത്തും എംപിമാരും എംഎല്‍എമാരും നേതൃപരമായി ഇടപെട്ടു. സാങ്കേതിക തടസ്സങ്ങള്‍ മറികടന്ന്‌ ഫണ്ട്‌ അനുവദിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ വികസനത്തിനു വേണ്ടിയുള്ള ജനപ്രതിനിധികളുടെ യോജിച്ച മുന്നേറ്റത്തിന്റെ തിളക്കമാര്‍ന്ന അധ്യായമാണ്‌. വാന്‍ കെട്ടിടസമുച്ചയത്തിനു ജനങ്ങള്‍ പണം സമാഹരിച്ചു നല്‍കി. തൊഴിലാളികളും വിദ്യാര്‍ഥികളും വരെ അവരാല്‍ കഴിയുന്ന സംഭാവന നല്‍കിയിട്ടുണ്ട്‌. ജനകീയ കൂട്ടായ്മയില്‍ 20 കോടിയിലധികം രൂപ സ്വരൂപിക്കാനായി. പ്രതിഫലം വാങ്ങാതെയായിരുന്നു ആര്‍ക്കിടെക്റ്റ്‌ ആര്‍.കെ. രമേഷ്‌ കെട്ടിടം രൂപകല്‍പന ചെയ്‌തത്‌. 2010 ജനുവരിയില്‍ മഞ്ചേരി ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ന്നു.
ജനറല്‍ ആശുപത്രിയില്‍ ഒതുങ്ങുന്നതല്ല ജില്ലയുടെ ആവശ്യങ്ങളെന്ന്‌ അതിനു മുന്‍പേ ജനത്തിനു നന്നായി അറിയാമായിരുന്നു. ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്താന്‍ ജില്ലാ പഞ്ചായത്തും ജനപ്രതിനിധികളും ജനങ്ങളും ആത്മാര്‍ഥമായി പരിശ്രമിച്ചു. മെഡിക്കല്‍ കോളജിനു വേണ്ടിയുള്ള നാടുണര്‍ത്തലിനായി ഒപ്പംനിന്നതില്‍ മലയാള മനോരമയ്ക്കു ചാരിതാര്‍ഥ്യമുണ്ട്‌. മലബാറിനും സംസ്ഥാനത്തിനാകെ തന്നെയും അനുഗ്രഹമായി മഞ്ചേരി മെഡിക്കല്‍ കോളജ്‌ സ്ഥാപിതമാകുമ്പോള്‍ ജനങ്ങളുടെ ആഹ്ലാദത്തില്‍ മനോരമയും പങ്കുചേരുന്നു.
പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന മലപ്പുറം മോഡലിന്റെ വിജയമാണിത്‌; സര്‍ക്കാരിന്റെ സാങ്കേതികക്കുരുക്കുകളെ ജനങ്ങളുടെ ഒരുമയിലൂടെ അഴിച്ചെടുത്ത വിജയം. ലോകശ്രദ്ധ നേടിയ പ്രസ്ഥാനമായി വളര്‍ന്ന കുടുംബശ്രീക്കു തുടക്കമിട്ടതു മലപ്പുറമായിരുന്നു. കംപ്യൂട്ടര്‍ സാക്ഷരതാ രംഗത്തു വിപ്ലവം സൃഷ്ടിച്ച 'അക്ഷയ, സാന്ത്വന പരിചരണ പരിപാടിയായ 'പരിരക്ഷ, ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി 'പ്രതീക്ഷ, വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കിയ 'വിജയഭേരി, ക്യാംപസുകളെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മുഖ്യപങ്കാളിയാക്കിയ 'തണല്‍ക്കൂട്ട്‌ തുടങ്ങിയ അഭിമാനകരമായ പദ്ധതികളുമായി മലപ്പുറം ജില്ല സംസ്ഥാനത്തിനു വഴികാട്ടി. ആരോഗ്യരംഗത്തെ ജനകീയ കൂട്ടായ്മ ജില്ലയാകെ ഏറ്റെടുത്തുകഴിഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കോടെ ജില്ലാ ആശുപത്രിയായി മാറിയ തിരൂര്‍ താലൂക്ക്‌ ആശുപത്രിയാണ്‌ ഇതിലെ പുതിയ അധ്യായം. കാന്‍സര്‍ സ്പെഷ്യല്‍റ്റി സൌകര്യങ്ങളുള്‍പ്പെടെ ജില്ലാ ആശുപത്രിയും വികസനത്തിലേക്കു കുതിക്കുകയാണ്‌.
ഒരു ജനകീയ ദൌത്യത്തിന്റെ സാഫല്യമാണു മഞ്ചേരി മെഡിക്കല്‍ കോളജെന്നു മറക്കാതെയാവണം ഇനിയങ്ങോട്ടുള്ള ഒാ‍രോ ചുവടുവയ്പും. ആരോഗ്യസേവന മേഖലയില്‍ ആ ജനകീയത കാത്തുസൂക്ഷിക്കാന്‍ ഈ സ്ഥാപനത്തിനു കഴിയട്ടെ.

Editorial Manorama
30.08.2013

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ