ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ഇവിടം ഇനിയൊരു അന്താരാഷ്ട്ര ഗ്രാമം


മലപ്പുറം: മെഡിക്കല്‍ കോളജെന്ന സ്വപ്‌ന നേട്ടത്തിന്റെ ത്രില്ലടങ്ങും മുന്‍പാണ് മഞ്ചേരിവീണ്ടും ആവേശഭരിതമാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണി തുടങ്ങിയിരുന്നെങ്കിലും മാസങ്ങള്‍ക്കകം ഉദ്ഘാടനവും കൂടെ ഇന്ത്യയുടെ തന്നെ വലിയ ടൂര്‍ണമെന്റും ഇവിടെ നടക്കും. എല്ലാം കണ്ണടച്ച് തുറക്കും വേഗത്തില്‍.

പല സ്റ്റേഡിയങ്ങളും ഉദ്ഘാടനത്തോടനുബന്ധിച്ച് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇവിടേയോ മറിച്ച് ഒരു വമ്പന്‍ ടൂര്‍ണമെന്റിന്റെ വരവോടു കൂടി ഗ്രൗണ്ട് വേഗത്തില്‍ ഒരുങ്ങുന്നു.

ലോകക്കപ്പ് മത്സരങ്ങള്‍ക്കൊക്കെ വേണ്ടി രാഷ്ട്രങ്ങള്‍ ചെയ്യുന്നത് പോലെ. ജനുവരിയോടെ ഉദ്ഘാടനം ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും ഫെഡറേഷന്‍ കപ്പിന്റെ ആരവങ്ങളാണ് മഞ്ചേരി സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തി വേഗത്തിലാക്കിയത്.

തങ്ങളുടെ മുറ്റത്ത് പെട്ടന്ന് വളര്‍ന്ന് പന്തലിച്ച ഈ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ആവേശത്തിലാണ് സമീപ വാസികളും നാട്ടുകാരും. ഇത്രയും പെട്ടന്ന് സ്റ്റേഡിയം യാഥാര്‍ഥ്യമാവുമെന്നും ഫെഡറേഷന്‍ കപ്പ്‌പോലുള്ള വമ്പന്‍ ടൂര്‍ണമെന്റിന് ഇവിടം സാക്ഷിയാവുമെന്നൊന്നും ആരും കരുതിയിരുന്നില്ല.

കുട്ടികളും വലിയവരുമെല്ലാം നിറഞ്ഞ ആവേശത്തിലാണ്. ഈ ആവേശം നിറഞ്ഞ ഗ്യാലറി തീര്‍ക്കുമെന്ന് മുന്നില്‍കണ്ടു തന്നെയാണ് ഫെഡറേഷന്‍ കപ്പ് മലപ്പുറത്തു തന്നെ ആവണമെന്ന് സംഘാടകരും ആഗ്രഹിക്കുന്നത്. മലപ്പുറത്തുകാര്‍ മനസ്സുകൊണ്ട് ഇതിന് തയ്യാറായി കഴിഞ്ഞു.

ഒഴിവു ദിവസങ്ങളില്‍ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തുന്ന ജനങ്ങള്‍ ഇതിന് ഉദാഹരണമാണ്. സ്ഥലത്തിന് ആവശ്യക്കാരേറെയാണ്. വലിയ ഷോപ്പിങ് കോംപ്ലക്‌സും ക്വാര്‍ട്ടേഴ്‌സുകളുമെല്ലാം വരാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

സ്റ്റേഡിയത്തിനൊപ്പം ഇവിടെ ഓരു ഗ്രാമവും അന്താരാഷ്ട്ര പദവി നേടുകയാണ്. യുഡിഎഫ് സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണവും കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെയും അഡ്വ എം ഉമര്‍ എംഎല്‍എയുടെയും നിരന്തരമായ ഇടപെടലും ജില്ലാ പഞ്ചായത്തിന്റെ പിന്തുണയും സ്റ്റേഡിയത്തിനു ബലമായി.
മഞ്ചേരി
സ്റ്റേഡിയമെന്നാല്‍......
അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കളിക്കാര്‍ക്ക് ഒരുങ്ങാനായി പ്രത്യേകം ശീതീകരിച്ച ഡ്രസ്സിങ് മുറികള്‍ ഉണ്ടാവും.

വിവിധ ക്യാബിനുകളായി തിരിച്ചാവും ഡ്രസ്സിങ് റൂം നിര്‍മിക്കുക. മാച്ച് കമ്മീഷണര്‍ക്കും റഫറിമാര്‍ക്കും പ്രത്യേകം മുറികള്‍ ഉണ്ടാവും. ശീതീകരിച്ച അത്യാധുനിക മീറ്റിങ് ഹാള്‍, മെഡിക്കല്‍ റൂം, മീഡിയ റൂം എന്നിവയും മഞ്ചേരി സ്റ്റേഡിയത്തിന്റെ നിലവാരം ഉയര്‍ത്തും. ടെലിവിഷന്‍ സംപ്രേക്ഷണത്തിനായി പ്രത്യേക പ്രതലങ്ങളും സ്റ്റേഡിയത്തിന്റെ ഒരുഭാഗത്തു നിര്‍മിക്കുന്നുണ്ട്.

ഭാവിയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയായേക്കുമെന്ന സുചനകളുടെ അടിസ്ഥാനത്തിലാണിത്. തല്‍സമയ സംപ്രേക്ഷണങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. അന്താരാഷ്ട്ര നിലവാരത്തില്‍ മഞ്ചേരിയില്‍ ഒരുങ്ങുന്ന സ്റ്റേഡിയത്തിനെ സഹായിക്കാന്‍ കഴിഞ്ഞില്ലെന്ന സങ്കടം വേണ്ട.

എല്ലാ എം.എല്‍.എ മാര്‍ക്കും പരിധികളില്ലാതെ പദ്ധതിയെ സഹായിക്കാമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവും. ഇതിനാവശ്യമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാവും.

എം.എല്‍.എ മാരുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയില്‍ നിന്നെല്ലാം പദ്ധതിയെ സഹായിക്കാം. മണ്ഡലം പരിധി ഇതിന് തടസ്സമാവില്ല. നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയെ സഹായിക്കാനുള്ള ഉത്തരവുണ്ടായിരുന്നു. പുതിയ തീരുമാനം വരുന്നതോടെ ഫണ്ടിന്റെ അപര്യാപ്തത നീങ്ങികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാര്‍ത്ഥികളും നല്‍കും സംഭാവന
വിഭവ സമാഹരണത്തിലൂടെ സ്റ്റേഡിയത്തിന് പണം കണ്ടെത്തും. സ്‌കൂളുകളില്‍ നിന്ന് പണം സ്വരൂപിക്കാനാണ് പദ്ധതി. ഇതുവഴി സ്റ്റേഡിയത്തിനെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കും. ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ വിദ്യാഭ്യാസ വകുപ്പ് നല്‍കും.

ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും പത്തുരൂപ വീതം സംഭാവന സ്വീകരിക്കാനാണ് പദ്ധതി. എല്ലാ സ്‌കൂളുകളില്‍ നിന്നും സ്വരൂപിച്ച തുക ജില്ലാ പഞ്ചായത്തിന് കൈമാറും. ജനകീയ വിഭവ സമാഹരണത്തിലൂടെ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയ ജില്ലാ പഞ്ചായത്തിന്റെ പുതിയ തീരുമാനം പദ്ധതിയെ കൂടുതല്‍ വേഗത്തിലാക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം

മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയെ സഹായിക്കണമെന്ന് ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശം. പഞ്ചായത്തുകള്‍ രണ്ടു ലക്ഷവും ബ്ലോക്ക് പഞ്ചായത്തുകള്‍ 25 ലക്ഷവും വീതമാണ് നല്‍കുക. 50 ലക്ഷം ജില്ലാ പഞ്ചായത്ത് നല്‍കും. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തുക.
വെള്ളംകുടി മുട്ടില്ല
റോഡുകള്‍ നന്നാക്കും
രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന് വെള്ളം ഒരു തടസ്സമാവില്ല. 1.16 കോടി രൂപ ചെലവില്‍ കടലുണ്ടി പുഴയില്‍ നിന്ന് വെള്ളം എത്തിക്കാനുള്ള പദ്ധതി നടന്നു കൊണ്ടിരിക്കുകയാണ്.

200 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനും മോട്ടോര്‍ മറ്റു അനുബന്ധകാര്യങ്ങളും തയ്യാറാക്കുന്നതും മാത്രമാണ് നടക്കാനുള്ളത്. നിലവില്‍ പ്രാദേശിക കിണറുകളില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതോടു കൂടി സ്റ്റേഡിയത്തിലേക്ക് വെള്ളം സുലഭമാവും.

സ്റ്റേഡിയത്തിലേക്കുള്ള റോഡുകള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. സ്റ്റേഡിയത്തിലേക്കാവശ്യമായ വൈദ്യുതി സംവിധാനമായി. ട്രാന്‍സ്‌ഫോര്‍മറിനായുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്.
പച്ചപ്പിലേക്ക്
ഫെഡറേഷന്‍ കപ്പിന്റെ ആരവത്തില്‍ മഞ്ചേരി സ്റ്റേഡിയത്തിന്റെ പ്രവൃത്തികള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളെല്ലാം ആരംഭിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉപയോഗിക്കുന്ന വിലകൂടിയ പുല്ലാണ് മഞ്ചേരി സ്റ്റേഡിയത്തില്‍ പാകിയിരിക്കുന്നത്. പുല്‍ത്തകിടി മോഡിപ്പിടിപിക്കുന്ന പ്രവൃത്തി നടന്നു വരികയാണ്. പാലക്കാട് നാച്ച്വര്‍ കെയറിന്റെ നേതൃത്വത്തില്‍ ഇതിന്റെ മിനുക്കുപണിയാണ് നടക്കുന്നത്.

പുല്‍ത്തകിടിയിലെ കള നീക്കിയതിന് ശേഷം സ്റ്റേഡിയത്തില്‍ പൂര്‍ണ്ണപച്ചപ്പ് നിറച്ച് ഗ്രൗണ്ട് കൈമാറും. മഴപെയ്യുന്നതോടെ പുല്ല് വളര്‍ന്ന് രാജ്യാന്തര സറ്റേഡിയങ്ങളുടെ പച്ചപ്പ് നേടും. സ്റ്റേഡിയത്തിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന പ്രധാന റോഡുകള്‍ക്കൊപ്പം സമീപത്തെ പോക്കറ്റ് റോഡുകളും നന്നാക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സ്റ്റേഡിയത്തിലേക്ക് എത്തിപ്പെടാന്‍ പ്രധാനമായും രണ്ടുവഴികളാണ് ഒരുങ്ങിയത്. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ പയ്യനാട് പിലാക്കല്‍ വഴിയും മഞ്ചേരി പെരിന്തല്‍മണ്ണ റോഡിലെ ആനക്കയത്തുനിന്ന് പന്തലൂര്‍ റോഡില്‍ പുല്ലഞ്ചേരി വഴിയും സ്റ്റേഡിയത്തിലെത്താം.
തലയെടുപ്പോടെ
രണ്ടാംഘട്ടം
സ്റ്റേഡിയത്തിലെ പവലിനും ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്ന 11.52 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതിക്ക് ശേഷം വിവിധോദേശ ഇന്റോര്‍ സ്റ്റേഡിയത്തിന്റെ തലയെടുപ്പോടെ രണ്ടാംഘട്ടം ആരംഭിക്കും. ഇതിനായി കേന്ദ്ര കായിക മന്ത്രാലയം ആറുകോടി രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ബാഡ്മിന്റണ്‍, വോളിബാള്‍, ബാസ്‌ക്കറ്റ്ബാള്‍, ഹാന്‍ഡ്ബാള്‍, ടേബിള്‍ടെന്നീസ്, ഗുസ്തി, ജുഡോ എന്നീ ഇനങ്ങള്‍ക്ക് സൗകര്യമുണ്ടാവുന്ന ഇന്റോര്‍‌സ്റ്റേഡിയമാണ് രണ്ടാംഘട്ടത്തിന്റെ പ്രധാന ആകര്‍ഷണം.

ഐ ലീഗിലെ മികച്ച എട്ടു ടീമുകളാണ് ഫെഡറേഷന്‍ കപ്പില്‍ മാറ്റുരക്കുക. മഞ്ചേരിക്കും ജില്ലക്കും മറക്കാന്‍ കഴിയാത്ത സോക്കര്‍ രാത്രിയാവും ഫെഡറേഷന്‍ കപ്പ് സമ്മാനിക്കുക.

രാജ്യാന്തര തലത്തില്‍ ബൂട്ടുകെട്ടിയ ഒട്ടേറെ താരങ്ങളുടെ പെരുമ ജില്ലക്കുണ്ടെങ്കിലും നല്ലൊരു മൈതാനം ഇവിടുണ്ടായിരുന്നില്ല. എന്നാല്‍ മഞ്ചേരി സ്റ്റേഡിയം സജ്ജമാവുന്നതോടെ ഇത്തിരി നല്ല രീതിയില്‍ തന്നെ പന്തുതട്ടാന്‍ പറ്റുന്ന ഒരു ഒന്നാന്തരം സ്റ്റേഡിയവും മലപ്പുറത്തുകാര്‍ക്കുമാവും.

ഷഹബാസ് വെള്ളില
 9/27/2013 9:47:46 AM  

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ