ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

കൊടിഞ്ഞി ജി.എം.യു.പി സ്‌കൂളിലെ 17 അധ്യാപകര്‍ അവയവ ദാനത്തിന് തയ്യാര്‍

തിരൂരങ്ങാടി: കണ്ണും കരളും മറ്റുള്ളവര്‍ക്ക് പകുത്തു നല്‍കാമെന്ന പ്രഖ്യാപനവുമായി അധ്യാപനത്തിന് പുതിയ പാഠം. അവയവദാനത്തിന് അനുമതി നല്‍കിയതിലൂടെ മാതൃകയും അഭിമാനവുമാകുകയാണ് കൊടിഞ്ഞി ജി എം യു പി സ്‌കൂളിലെ അധ്യാപകര്‍.

സ്‌കൂളിലെ 17 അധ്യാപകരാണ് തങ്ങളുടെ അവയവങ്ങള്‍ ദാനം നല്‍കുന്നതിന് സമ്മത പത്രം ഒപ്പിട്ടു നല്‍കിയത്. കണ്ണ്, കരള്‍, ഹൃദയം, കിഡ്‌നി എന്നിവ നല്‍കാന്‍ സമ്മതമാണെന്നറിയിച്ച് ഇവര്‍ ഇന്നലെ ആരോഗ്യ വകുപ്പിന് സമ്മത പത്രം നല്‍കി. 17 പേരില്‍ പകുതിയോളം പേര്‍ സ്ത്രീകളാണ്.

ഡല്‍ഹി എയിംസുമായി ബന്ധപ്പെട്ടാണ് അവയവദാന പദ്ധതി നടപ്പാക്കുക എന്ന് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായ കെ.പി രഞ്ജിത്ത് പറഞ്ഞു. സമൂഹത്തിന് മാതൃകയാകേണ്ട അധ്യാപകര്‍ തന്നെ ഇത്തരത്തില്‍ അവയവ ദാനത്തിന് മുന്നോട്ട് വരുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കുമെന്നതിനാലാണ് ഇങ്ങനെയൊരു പദ്ധതിക്ക് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

അവയവ ദാനത്തിന് തയ്യാറുള്ള അധ്യാപകരുടെ സൊസൈറ്റി രൂപീകരിക്കാനും പദ്ധതിയുണ്ട്. സ്‌കൂളില്‍ നടപ്പാക്കുന്ന ക്ഷേമ (കൊടിഞ്ഞി സ്റ്റുഡന്റ്‌സ് ഹാര്‍മണി ത്രോ എംപതറ്റിക് അപ്രോച്ച്) പദ്ധതിയുടെ ഭാഗമായാണ് അധ്യാപകരുടെ അവയവദാന പ്രഖ്യാപനവും രക്തദാന ദിനാചരണവും സംഘടിപ്പിച്ചത്.

അവയവദാനത്തിന്റെയും രക്തദാനത്തിന്റെയും ആവശ്യകതയും മഹത്വവും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അവയവദാന സമ്മതപത്രം നല്‍കിയതോടൊപ്പം രക്തദാന സേന രൂപീകരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ നന്മയുടെ വഴികാട്ടി നല്ല വ്യക്തിത്വത്തിലേക്ക് നയിച്ച് നവ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ക്ഷേമ.

വ്യക്തിത്വ വികസനം, ലീഡര്‍ഷിപ്പ്, സര്‍ഗാത്മകത തുടങ്ങിയവയില്‍ പരിശീലനവും കൗണ്‍സിലിങ്, സമൂഹിക - സേവന പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് വിസിറ്റ്, കമ്മ്യൂണിറ്റി ഇന്ററാക്ഷന്‍ പ്രോഗ്രാം തുടങ്ങി വിവിധ പരിപാടികളും സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് പദ്ധതി.

അധ്യാപകരുടെ അവയവ ദാന സമ്മതപത്രം പ്രധാനാധ്യാപിക പൊന്നമ്മ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസിന് കൈമാറി. രക്തദാന ദിനാചരണത്തിന്റെ ഉദ്ഘാടനം നന്നമ്പ്ര പഞ്ചായത്ത് സ്റ്റാന്റങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തേറാമ്പില്‍ ആസ്യ നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഇ. ഹംസ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെയും അധ്യാപകരുടെയും രക്തഗ്രൂപ്പ് ഡയറക്ടറി പി.ബീരാന്‍ കുട്ടി ഹാജി പ്രകാശനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. രാജേഷ് ക്ലാസെടുത്തു. കെ.പി രഞ്ജിത്ത്, എം ശങ്കരന്‍, പി.കെ ശശികുമാര്‍, കെ.പി വിനോദന്‍, പി മദുസൂദനന്‍, വി.വി ഷീന, ഇയ ഷിബു സംസാരിച്ചു.

News @ Chandrika
10/3/2013 

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ